Header Ads

Header ADS

പച്ച നോട്ടിലെ സ്വാതന്ത്ര്യം

പച്ച നോട്ടിലെ സ്വാതന്ത്ര്യം
#ProtestAgainstCAA

"ഇന്ത്യ പഴയ ഇന്ത്യ അല്ല. ഡിജിറ്റൽ ഇന്ത്യ" ആണ്. അതുകൊണ്ട്തന്നെ എല്ലാവരും എപ്പോഴും അത്യാവശ്യം പണം കയ്യിൽ കരുതണം. കാരണം പണമാണ് സ്വാതന്ത്ര്യം, പച്ച നോട്ട് നൽകുന്ന സ്വാതന്ത്ര്യം വാളരെ വലുതാണ്. നമ്മുടെ കയ്യിൽ പണം കറൻസിയായിട്ടില്ലെങ്കിൽ ( അക്കൗണ്ടിൽ ഉണ്ടായിട്ട് കാര്യമില്ല ) നമ്മുടെ ഭൂരിഭാഗം സ്വാതന്ത്ര്യവും നമ്മളറിയാതെ തന്നനെ ഇല്ലാണ്ടാവും... അതേ ഇല്ലാണ്ടാവുക എന്നത് ഈ "ഡിജിറ്റൽ ഇന്ത്യ"യിൽ അത് വളരെ എളുപ്പമാണ്.

  മോദിയുടെ സ്വപ്നപദ്ധതികളിൽ ഒന്നാണ് "ഡിജിറ്റൽ ഇന്ത്യ". എല്ലാം ഡിജിറ്റലാക്കുക അടുക്കളയിലെ പ്രഷർ കുക്കറിന്റെ നിയന്ത്രണം മുതൽ ബാങ്കിങ്, കറൻസി എന്നുവേണ്ട എല്ലാം ഡിജിറ്റൽ ആക്കുക. ക്യാഷ്‌ലെസ് ഏകോണമി പ്രോത്സാഹിപ്പിക്കുക. അതിലേക്കായി രാജ്യത്തെ പല പ്രദേശങ്ങളിലും 3G മൊബൈൽ സേവനം ലഭ്യമാക്കുന്നതിന് മുൻപേ ദേശവ്യാപകമായി അതിവേഗ ഇന്റർനെറ്റിൻ്റെ മൂർതിഭാവമായ 4G അവതരിപ്പിച്ചു. അത് വളരെ നല്ലത്!.  എന്നാൽ ഇന്ത്യയുടെ പ്രധാനമന്ത്രി ചരിത്രത്തിൽ ആദ്യമായി സ്വകാര്യ കമ്പനിയുടെ പരസ്യ മോഡലുമായി എന്നത് വിരോധാഭാസം. രണ്ട് കൊല്ലത്തോളം രാജ്യത്ത് അതിവേഗ ഇന്റർനെറ്റ് സൗജന്യമായി നൽകിക്കൊണ്ട് ജിയോ ഡിജിറ്റൽ ഇന്ത്യവത്കരണ പ്രവർത്തനത്തിന്റെ മുഖ്യ ആസൂത്രകരായി. ഉപഭോക്താക്കളെ പിഴിഞ്ഞുകൊണ്ടിരുന്ന രാജ്യത്തെ മുൻനിര മൊബൈൽ സേവനദാതാക്കൾ ഒക്കെയും ജിയോയുടെ മുന്നിൽ പരാജയത്തിന്റെ രുചിയറിഞ്ഞു. അവരുടെ ബാലൻസ് ഷീറ്റുകളിൽ നഷ്ടത്തിന്റെ കണക്ക് ദിനംപ്രതി കുമിഞ്ഞുകൂടി. മറ്റ് സേവനദാതാക്കളിൽനിന്ന് ഉപഭോക്താക്കൾ ഡാറ്റായും കോളും ഫ്രീ നൽകുന്ന ജിയോയിലേക്ക് കൂട്ടത്തോടെ പോയി. ഇന്ന് ഇന്ത്യയുടെ 70% പ്രദേശങ്ങളും അതിവേഗ 4G ഇന്റർനെറ്റിന്റെ പരിധിയിലാണ്. രാജ്യത്തെ 80% മൊബൈൽ വരിക്കാരും സ്മാർട്ട്ഫോൺ ഉപഭോക്താക്കളാണ്. ഈ കണക്കുകളിൽനിന്ന്, അതിവേഗ ഇന്റർനെറ്റ് രാജ്യത്തെ പൗരന്മാരുടെ ദൈനംദിന ജീവിതത്തെ എത്രത്തോളം സ്വാധിനിക്കുന്നു എന്നും, ജീവിതത്തിന്റെ ഭാഗമാണെന്നും മനസിലാക്കാൻ നമുക്ക് സാധിക്കും.
 കറൻസി, ബാങ്കുകൾ, എ.ടി.എം, പണമിടപാടുകൾ, ആശുപത്രികൾ, കറണ്ട് ജലവിതരണം തുടങ്ങിയവയുടെ ബില്ലിംഗ്, വില്ലേജ്, പഞ്ചായത്ത് ഓഫിസ് സേവനങ്ങൾ, വിമാന ടിക്കറ്റുകൾ, ട്രെയിൻ ബസ് റിസർവേഷനുകൾ, പ്രൈമറി തൊട്ടുള്ള ക്ലാസ്സുകൾ, ടാക്സി സേവനങ്ങൾ, ഭക്ഷണം എന്നുവേണ്ട ഒരു മനുഷ്യന്റെ നിത്യജീവിതത്തിന്റെ ഭൂരിഭാഗവും നിയന്ത്രിക്കുന്നത് ഇന്റർനെറ്റ് ആണ് അല്ലെങ്കിൽ ഇന്റർനെറ്റ് വഴിയാണ് എന്നത് അവിശ്വസനീയമാണെങ്കിലും അതാണ് യാഥാർഥ്യം.
 ഇന്റർനെറ്റ് ബാങ്കിങ് പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോട്കൂടി, നേരിട്ട് ബാങ്കിൽ ചെന്നുള്ള ഇടപാടുകൾ പോലും ബാങ്കുകൾ നിയന്ത്രിക്കുന്ന സ്ഥിതിയുണ്ടായി. കടകളിൽ പോയി സാധനം വാങ്ങിയാൽ നേരിട്ട് പണം നൽകുന്നതിന് പകരമായി UPI പേയ്മെന്റ് സംവിധാനം ഏർപ്പെടുത്തി, അത് പ്രോത്സാഹിപ്പിച്ചു. UPI അധിഷ്ഠിതമായ പേയ്മെന്റ് ആപ്ലിക്കേഷൻ വ്യാപകമായി ഉപയോഗിച്ച് തുടങ്ങി. അങ്ങനെ പൗരന്മാർക്ക് ഇന്റർനെറ്റ് എന്നത് ആഡംബരം, വിനോദം എന്നതിന് ഉപരിയായി ജീവിതത്തെ മുന്നോട്ട് നയിക്കുന്ന പ്രേരക ശക്തിയായി മാറ്റാൻ കേന്ദ്രസർക്കാർ ആവിഷ്കരിച്ച ഏറ്റവും ഹീനമായ പദ്ധതിയായിരുന്നു "നോട്ട് നിരോധനം" അഥവാ "ഡിമോണിട്ടൈസെഷൻ".  അതോടുകൂടി രാജ്യത്തെ ഡിജിറ്റൽ ഇടപാടുകൾ പതിന്മടങ്ങ് വർധിച്ചു. സാവധാനം ഒരു വിഭാഗം ജനങ്ങൾ അറിഞ്ഞോ അറിയാതെയോ "ക്യാഷ് ലെസ്സ്" ഇക്കണോമിയുടെ ഭാഗമായി.

 ഇന്ന്, കേന്ദ്രസർക്കാറിന് ജനങ്ങളെയോ, ഒരു ജില്ലയെയോ അല്ലെങ്കിൽ ഒരു സംസ്ഥാനത്തെമൊത്തമയോ അതുമല്ലെങ്കിൽ രാജ്യത്തെതന്നെയോ നിശ്ചചലമാക്കാൻ, അറസ്റ്റിലാക്കാൻ രാജ്യത്തെ മൊബൈൽ ഇന്റർനെറ്റ്, എസ്.എം.എസ്, കോൾ സംവിധാനങ്ങൾ എന്നിവ നിർത്തിവെക്കയുന്നതിലൂടെ അനായാസം കഴിയുന്നു. സർക്കാർ ഒരു പരിധി വരെ അത്‌ പരീക്ഷിച്ച് വിജയിക്കുകയും ചെയ്തു.

 മൊബൈൽ ഇന്റർനെറ്റ് നിർത്തിവെക്കുന്നതിലൂടെ രാജ്യത്തെ POS (സ്വൈപിങ് ) സംവിധാനങ്ങൾ എല്ലാം നിശ്ചലമാകും. ഇതുവഴി പെട്രോൾ ബങ്കുകൾ, ആശുപത്രികൾ, ഹോട്ടലുകൾ, സൂപ്പർ മാർക്കറ്റ് എന്നിവിടങ്ങളിലെ സ്വൈപിങ് യന്ത്രങ്ങൾ നിശ്ചലമാകും, ഇടപാടുകൾ നിയന്ത്രിക്കാനാവും. മണിക്കൂറുകൾക്കുള്ളിൽ സകല എടിഎമ്മുകളും കാലിയാവും, കയ്യിലെ കാശും. ആശയ വിനിമയ സംവിധാനങ്ങൾ നിർത്തലക്കപ്പെടുന്നതോടെ ജനങ്ങൾ സാമ്പത്തികമായി ഷൻഡീകരിക്കപ്പെടും. വീടിന് പുറത്തിറങ്ങാൻ കഴിയതാവുന്നു. ഇന്റർനെറ്റ് നിർത്തിവെക്കുന്നത് മൂലം രാജ്യത്തുണ്ടാവുന്ന മറ്റ് സാമ്പത്തിക നഷ്ടങ്ങൾ ഈ കണക്കിന് പുറത്താണ്.

 ഞാൻ ഇതെഴുതുമ്പോൾ, ആർട്ടിക്കിൾ 370 എടുത്തുകളയുന്നതിന്റെ ഭാഗമായി കശ്മീരിൽ ഇന്റർനെറ്റ് നിർത്താലാക്കിയിട്ട്,  ഒരു സംസ്ഥാനം മുഴുവൻ ബന്ധികളാക്കപ്പെട്ട് 145 ദിവസങ്ങൾ കഴിഞ്ഞു. ഏതാണ്ട് അഞ്ച് മാസങ്ങൾക്ക് ശേഷം ഡിസംബർ 28നാണ് കശ്മീരിൽ മൊബൈൽ ഇന്റർനെറ്റ് പുനഃസ്ഥാപിച്ചത്.  മൂന്ന് മുൻ മുഖ്യമന്ത്രിമാർ ഇപ്പോഴും തടവറയിലാണ്. ആ കേന്ദ്രഭരണ പ്രദേശത്ത് എന്ത് നടക്കുന്നു എന്ന് പുറം ലോകം അറിയുന്നില്ല....

 അതുകൊണ്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അച്ചടിച്ചിറക്കുന്ന പച്ചയായ "ഇന്ത്യൻ കറൻസി" ഓരോ ഇന്ത്യൻ പൗരനും നൽകുന്ന സ്വാതന്ത്ര്യം വളരെ വലുതാണ്. ജിവിതം നിലച്ചുപോവാതിരിക്കാൻ കുറച്ച് പണം അച്ചടിച്ച പച്ച നോട്ടായി കയ്യിൽ കരുതുന്നത് നന്നായിരിക്കും.

#NRC #CAA എന്നിവയിലടക്കം കേന്ദ്ര സർക്കാരിന് എതിരെ ഉയരുന്ന ഏത് പ്രതിഷേധത്തെയും അടിച്ചർത്തുകയാണ് സർക്കാർ ലക്ഷ്യം. അതിന് ഭീഷണിപ്പെടുത്തുക, രാജ്യദ്രോഹ കുറ്റം ചുമത്തുക, രാജ്യ സ്നേഹം അളക്കുക, പാകിസ്താനിലേക്ക് അയക്കുക എന്നിവപോലെ ഏറ്റവും വലിയ ആയുധമാണ് മൊബൈൽ സേവനങ്ങൾ നിർത്തിവെക്കുക എന്നത്. ഇതും മൗലികവകാശ ലംഘനമാണ്.
എലിയെ പേടിച്ച് ഇല്ലം ചുടുന്ന പ്രധാനമന്ത്രിയാണ് രാജ്യം ഭരിക്കുന്നത്. അതിന് പറ്റിയ ഒരു ആഭ്യന്തര മന്ത്രിയും. ഒരു ദിവസം രാത്രി 8 മണിക്ക് രാജ്യത്തുള്ള കറൻസി മൊത്തം പിൻവലിച്ചാൽ സർവശക്തനായ ദൈവം തമ്പുരാന് പോലും ഒന്നും ചെയ്യാൻ പറ്റില്ല, അപ്പോൾ നമ്മൾ അനുഭവിക്കുക. അത്രതന്നെ..

🖋️Maneesh Krishnan

No comments

Powered by Blogger.